എനിക്ക് കിട്ടിയ അനുഗ്രഹത്തിന്റെ താക്കോല്‍

കേരള-തമിഴ്‌നാട് അതിര്‍ത്തിയ്ക്കടുത്തായിരുന്നു കന്യാകുമാരി ജില്ലയിലുള്‍പ്പെടുന്ന എന്റെ ഗ്രാമം. ഞാന്‍ പന്ത്രണ്ടാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയത് വീട്ടില്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള കാലത്താണ്. അതിനാല്‍ പഠനം തുടരുന്നില്ല എന്ന് ആദ്യം തീരുമാനിച്ചെങ്കിലും ഞങ്ങളുടെ വികാരിയച്ചന്‍ പറഞ്ഞതുപ്രകാരം ഫീസ് കുറവുള്ള ഒരു ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് പോയി. പിന്നീട് കറസ്‌പോണ്ടന്‍സായി ബി.എയും തുടര്‍ന്ന് എം.എയും പഠിച്ചു. പലയിടത്തും ജോലിക്ക് പോയിക്കൊണ്ടാണ് പഠനം നടത്തിയിരുന്നത്. പഠനം കഴിഞ്ഞപ്പോള്‍ അമ്മയ്‌ക്കൊരു ആഗ്രഹം, ഞാന്‍ ബി.എഡ് എടുത്ത് ടീച്ചര്‍ ആകണം!

അമ്മതന്നെ അന്വേഷിച്ച് ഫീസ് കുറവുള്ള ഒരു കോളേജ് കണ്ടെത്തി എന്നെ ബി. എഡിന് ചേര്‍ത്തു. ബസ് കുറവായിരുന്നതിനാല്‍ ഒരു കുറുക്കുവഴിയിലൂടെ ഒന്നേകാല്‍ മണിക്കൂര്‍ നടന്നാണ് ഞാന്‍ കോളേജില്‍ പോയത്. ക്ലേശപൂര്‍ണമായ പഠനത്തിനുശേഷമാണ് അറിയുന്നത് ഞങ്ങളുടെ കോളേജിന് അംഗീകാരമില്ല എന്ന്. ആര്‍ക്കും പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. പിന്നെ കുറെനാള്‍ ടൈലറിംഗ് ആയിരുന്നു ശരണം. മാസങ്ങള്‍ അങ്ങനെ കടന്നുപോയി.

തേടിയെത്തിയ ശാലോം ടൈംസ്
ആ സമയത്ത് ഞങ്ങളുടെ ഇടവകയില്‍ ഒരു ധ്യാനം നടന്നു. ഇടവകധ്യാനത്തില്‍ തൃശൂരില്‍നിന്നുള്ള വര്‍ഗീസ് എന്ന ഒരു ബ്രദര്‍ ഉണ്ടായിരുന്നു. അദ്ദേഹം തമിഴ് ശാലോം ടൈംസ് മാസിക ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. വീട്ടില്‍ ശാലോം ടി.വി. കാണുന്ന പതിവുണ്ടായിരുന്നെങ്കിലും തമിഴ് മാസിക ഉള്ളത് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അന്ന് ബ്രദര്‍ ഇങ്ങനെ പറഞ്ഞു, ”അച്ചന്മാരും സിസ്റ്റര്‍മാരുംമാത്രമല്ല ദൈവത്തിനുവേണ്ടി ശുശ്രൂഷ ചെയ്യുന്നത്. നമുക്കും ചെയ്യാന്‍ കഴിയും. ഈ മാസിക ഒരു വീട്ടിലെങ്കിലും കൊണ്ടുപോയി കൊടുക്കുന്നതും വചനപ്രഘോഷണമാണ്.” ആ വാക്കുകള്‍ എന്നെ വളരെയധികം സ്പര്‍ശിച്ചു. പത്ത് മാസികയ്ക്കുള്ള പണം സംഘടിപ്പിച്ച് നല്കി ഞാന്‍ തമിഴ് ശാലോം ടൈംസിന്റെ ഏജന്റ് ആയി മാറി.

ദിവസങ്ങള്‍ക്കുള്ളില്‍ പ്രതീക്ഷിക്കാത്ത ഒരു ഫോണ്‍കോള്‍. ഞാന്‍ ബി.എഡിന് പോയ കോളേജിലെ പ്രിന്‍സിപ്പല്‍ മാഡമാണ്. മാഡം വേറെ കോളേജിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. അവിടെ ഒരു സീറ്റ് ഒഴിവുണ്ട്. വേണമെങ്കില്‍ അവിടെ ചേരാം. പഴയ ട്രെയിനിംഗിന്റെ രേഖകള്‍ ശരിയാക്കിത്തരാമെന്നും മാഡം പറഞ്ഞു. ”നിങ്ങള്‍ക്ക് പ്രതിഫലമായി കര്‍ത്താവില്‍നിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിന്‍. കര്‍ത്താവായ ക്രിസ്തുവിനെത്തന്നെയാണല്ലോ നിങ്ങള്‍ ശുശ്രൂഷിക്കുന്നത്” എന്ന കൊളോസോസ് 3:24 തിരുവചനം എന്റെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാവുകയായിരുന്നു.

മാഡം പറഞ്ഞതനുസരിച്ച് ആ കോളേജില്‍ ചേര്‍ന്നു. മാഡം അമ്മയെപ്പോലെ എന്നോട് പെരുമാറി. ആ സമയത്ത് എനിക്ക് എം.എഡ് പഠിക്കണമെന്ന ആഗ്രഹം ഞാന്‍ പറഞ്ഞു. അപ്പോള്‍ മാഡം പറഞ്ഞു, ”ഡിസ്റ്റിംഗ്ഷന്‍ കിട്ടിയാല്‍ ഗവണ്‍മെന്റ് സീറ്റ് കിട്ടും. നല്ലതുപോലെ പഠിച്ചാല്‍ മതി.”ആ വാക്കുകള്‍ കേട്ടപ്പോള്‍ എന്റെ ആഗ്രഹം നടക്കില്ല എന്നെനിക്ക് ഉറപ്പായി. കാരണം ഡിസ്റ്റിംഗ്ഷന്‍ എനിക്ക് ചിന്തിക്കാന്‍പോലും പറ്റില്ലായിരുന്നു. എന്തായാലും ബി.എഡ് പഠനം മുന്നോട്ടുപോയി. ഒടുവില്‍ പരീക്ഷയുടെ സമയമെത്തി. എന്നാല്‍ പെട്ടെന്ന് സാഹചര്യങ്ങളാകെ മാറിമറിഞ്ഞു.

പഞ്ചായത്തില്‍നിന്ന് ഞങ്ങളുടെ വീടുപണിക്കുള്ള തുക ലഭിച്ചത് ആ സമയത്താണ്. പെട്ടെന്ന് പണി പൂര്‍ത്തിയാക്കി ഫോട്ടോ അയച്ചുകൊടുക്കണം എന്ന് പറഞ്ഞതിനാല്‍ എന്റെ ആങ്ങള തിരക്കിട്ട് പണികള്‍ നടത്തി. അതേ സമയത്ത് അമ്മയ്ക്ക് ഡെങ്കിപ്പനി വന്നു. അമ്മയ്ക്ക് കൂട്ടിന് രാത്രി ആശുപത്രിയില്‍ നില്ക്കാന്‍ ഞാനേയുള്ളൂ. രണ്ട് ചേച്ചിമാരെയും വിവാഹം ചെയ്തയച്ചതാണ്. രാവിലെ പണിക്കാര്‍ക്കുള്ള ഭക്ഷണം തയാറാക്കണം. പിന്നെ പരീക്ഷ. അതുകഴിഞ്ഞ് അമ്മയ്ക്കരികില്‍. ആ അവസ്ഥയില്‍ ഒന്നും പഠിക്കാതെയാണ് പരീക്ഷയ്ക്ക് പോയിരുന്നത്. എന്നാല്‍ സെക്കന്റ് പേപ്പറിന്റെ പരീക്ഷയുടെ തലേന്ന് അമ്മ പറഞ്ഞു വീട്ടില്‍പ്പോയിരുന്ന് എന്തെങ്കിലും പഠിച്ചോളാന്‍. അങ്ങനെ വീട്ടില്‍ പോയെങ്കിലും പുസ്തകം എടുത്തപ്പോള്‍ ഒന്നും വായിക്കാന്‍ പറ്റുന്നില്ല. കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ്. കുറെ സമയം കരഞ്ഞു. അന്ന് രാത്രി ഉറക്കം വന്നില്ല.

പുലര്‍ന്നപ്പോള്‍ എഴുന്നേറ്റ് പരീക്ഷയ്ക്ക് പോയി. പരീക്ഷാ ഹാളില്‍ അര മണിക്കൂറോളം ഒന്നും എഴുതാന്‍ കഴിയാതെ വിഷമിച്ചിരുന്നു. അതുകഴിഞ്ഞപ്പോള്‍ മനസില്‍ പ്രാര്‍ത്ഥിച്ച് എഴുതാന്‍ തുടങ്ങി. മുമ്പുള്ള എല്ലാ പരീക്ഷകള്‍ക്കും മൂന്ന് മണിക്കൂര്‍ ഉണ്ടായിട്ടും 34 പേജ് എഴുതിത്തീര്‍ക്കാന്‍ കഴിയുന്നില്ലായിരുന്നു. എന്നാല്‍ അന്ന് രണ്ടര മണിക്കൂര്‍കൊണ്ട് 34 പേജ് എഴുതിത്തീര്‍ത്തു.

അന്ന് എന്താണ് സംഭവിച്ചതെന്ന് ഇന്നും എനിക്കറിഞ്ഞുകൂടാ. റിസല്‍റ്റ് വന്ന ദിവസം ഞാന്‍ പേടിച്ചിട്ട് നോക്കാന്‍ പോയില്ല. കൂട്ടുകാരി വിളിച്ചിട്ട് പറഞ്ഞു, മൂന്ന് പേര്‍ തോറ്റു. അതിലൊരാള്‍ അവളാണെന്ന്. അപ്പോള്‍ ഞാന്‍ ചിന്തിച്ചു, ”ഇനിയെന്തിന് റിസല്‍റ്റ് നോക്കണം. ഞാനും തോറ്റ ലിസ്റ്റിലുണ്ടാകും.” മാത്രവുമല്ല പ്രിന്‍സിപ്പല്‍മാഡം പോലും വിളിച്ചില്ല. അപ്പോള്‍ ഞാന്‍ തോറ്റുകാണുമെന്ന് തീര്‍ച്ചയായി. എന്തായാലും ആരും ചോദിക്കാതിരിക്കാന്‍വേണ്ടി രാത്രിസമയത്ത് അമ്മയ്‌ക്കൊപ്പം ഒരു ഇന്റര്‍നെറ്റ് സെന്ററില്‍ പോയി റിസല്‍റ്റ് നോക്കി. കണ്ണുകളെ വിശ്വസിക്കാനായില്ല, എനിക്ക് ഡിസ്റ്റിംഗ്ഷന്‍!

അപ്പോള്‍ അമ്മ പറയുകയാണ്, ‘എനിക്ക് അസുഖം വന്നതുകൊണ്ടല്ലേ നിനക്ക് പഠിക്കാന്‍ പറ്റാതായത്. ഞാന്‍ മാതാവിന് നേര്‍ച്ച നേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു’ എന്ന്. പിന്നീട് എം.എഡിന് ചേര്‍ന്നു. അതും ഫസ്റ്റ് ക്ലാസോടെ വിജയിക്കാന്‍ കഴിഞ്ഞു. എനിക്ക് ബി.എഡ് കോളേജില്‍ ജോലി ചെയ്യാനായിരുന്നു ആഗ്രഹം. അതിന് എം. ഫില്‍ വേണം. എന്നാല്‍ കന്യാകുമാരി ജില്ലയില്‍ ഒരു കോളേജില്‍മാത്രമേ എം.ഫില്‍ ഉള്ളൂ. അവിടെയാണെങ്കില്‍ രണ്ട് വര്‍ഷത്തേക്കുള്ള പ്രവേശനം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു.

അനുഗ്രഹം തിരിച്ചറിയുന്നു
അങ്ങനെയിരിക്കുന്ന സമയം. ഇടവകപ്പള്ളിയില്‍ വീണ്ടും ധ്യാനം വന്നു. പകല്‍സമയം പരിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചുവച്ച് ആരാധന. വൈകുന്നേരം ധ്യാനം. ആന്റിയുടെ മകന്‍ പകല്‍ പള്ളിയില്‍ പോകുമ്പോള്‍ എന്നെയും വിളിച്ചു. അവന്‍ പോയതിനു പിന്നാലെ വീട്ടിലെ ജോലികള്‍ തീര്‍ത്ത് ഞാനും പോയി. ഞങ്ങള്‍ ഒന്നിച്ച് ഒന്നര മണിക്കൂറോളം പ്രാര്‍ത്ഥിച്ചു.
അതുകഴിഞ്ഞ് പള്ളിയില്‍നിന്ന് പുറത്തുവന്നപ്പോള്‍ അവന്‍ ചോദിക്കുകയാണ്, ”ചേച്ചി ശാലോം മാസിക വിതരണം ചെയ്തതുകൊണ്ടല്ലേ ഇത്രയും പഠിക്കാന്‍ പറ്റിയത്.”
പെട്ടെന്ന് എനിക്ക് ഒന്നും മനസിലായില്ല. അപ്പോള്‍ അവന്‍ വീണ്ടും പറഞ്ഞു, ”എനിക്ക് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ തോന്നി. ചേച്ചി ഒന്ന് ആലോചിച്ചുനോക്ക് എന്ന്.”

അവന്‍ പറഞ്ഞത് ശരിയാണ്, 2012-ല്‍ ശാലോം ടൈംസ് തമിഴ് മാസികയുടെ ഏജന്റ് ആയതിനുശേഷമാണ് എന്റെ ജീവിതം മാറിയത്. വിശ്വാസത്തോടെ ഞാന്‍ അവനോട് പറഞ്ഞു, ”ശരിയാണ്. അങ്ങനെയെങ്കില്‍ ഈ കോഴ്‌സും പഠിക്കാന്‍ സാധിക്കും.” അവന്‍ പറഞ്ഞു, ”തീര്‍ച്ചയായും ചേച്ചിക്ക് അഡ്മിഷന്‍ കിട്ടും. നമുക്ക് പ്രാര്‍ത്ഥിക്കാം.”
അധികം താമസിച്ചില്ല. സങ്കീര്‍ത്തനം 21: 3- ”സമൃദ്ധമായ അനുഗ്രഹങ്ങളുമായി അവിടുന്ന് അവനെ സന്ദര്‍ശിച്ചു” എന്ന വചനം എന്റെ ജീവിതത്തില്‍ നിറവേറുകയായിരുന്നു. തിരുനെല്‍വേലി ജില്ലയില്‍ വൈദികര്‍ നടത്തുന്ന ഒരു നല്ല കോളേജില്‍ എനിക്ക് എം.ഫില്‍ അഡ്മിഷന്‍ കിട്ടി. അങ്ങനെ മാസിക വിതരണം ചെയ്ത മൂന്ന് വര്‍ഷംകൊണ്ട് മൂന്ന് കോഴ്‌സുകളും പൂര്‍ത്തിയാക്കി. മൂന്നാമത്തെ വര്‍ഷം ഞാന്‍ ഹോസ്റ്റലില്‍ ആയിരുന്നതുകൊണ്ട് അമ്മയാണ് മാസികകള്‍ വിതരണം ചെയ്തിരുന്നത്.

പഠനം പൂര്‍ത്തിയായപ്പോള്‍ ജോലിക്കായി അന്വേഷണം തുടങ്ങി. ആ സമയത്ത് വീണ്ടും വര്‍ഗീസ് ബ്രദര്‍ വീട്ടില്‍ വന്നു. മാസികയുടെ ഏജന്‍സി പുതുക്കുന്ന കാര്യം പറയാന്‍ ഒരു സഹായിയെയുംകൂട്ടി അച്ചനാണ് അദ്ദേഹത്തെ വീട്ടിലേക്ക് പറഞ്ഞയച്ചിരിക്കുന്നത്. സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം ചോദിച്ചു, നന്നായി മലയാളം സംസാരിക്കുന്നുണ്ടല്ലോ. ശാലോമില്‍ ശുശ്രൂഷ ചെയ്യാന്‍ ആഗ്രഹമുണ്ടോ എന്ന്. പക്ഷേ ഞാന്‍ പഠിച്ചതുമായി ബന്ധമില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു. എങ്കിലും റെസ്യുമെ അയക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെ ശാലോമിലും റെസ്യുമെ അയച്ചു. പിന്നെ ഇന്റര്‍വ്യൂവിലും പങ്കെടുത്തു.

എന്നെയും ദൈവം ശാലോമിലൂടെ അവിടുത്തെ ശുശ്രൂഷ ചെയ്യാന്‍ വിളിക്കുകയായിരുന്നു. അതേ സമയംതന്നെ ഞാന്‍ പഠിച്ച കോളേജില്‍ ഇന്റര്‍വ്യൂപോലുമില്ലാതെ ജോലിക്ക് ചേര്‍ന്നുകൊള്ളാന്‍ അറിയിച്ച് വിളിച്ചു. എന്നാല്‍ ശാലോം മാസികവഴി എന്നെ അനുഗ്രഹിച്ച കര്‍ത്താവിന് മാസികവഴിയായിത്തന്നെ നന്ദി അര്‍പ്പിക്കാനായിരുന്നു എന്റെ തീരുമാനം. ദൈവത്തിനുവേണ്ടി ശുശ്രൂഷ ചെയ്യുന്നതില്‍ വലിയ ആനന്ദം. മരിക്കുവോളം കര്‍ത്താവിനായി എന്തെങ്കിലും ചെയ്യാനാവുന്നത് എത്ര സന്തോഷമാണ്! ദൈവം ചെയ്ത നന്മകള്‍ക്കെല്ലാം നന്ദി പറഞ്ഞിടുവാന്‍ നാവിത് പോരാ, നാളിത് പോരാ, ആയുസും ഇത് പോരാ….


സുജ പ്രിന്‍സ്‌

Leave a Reply

Your email address will not be published. Required fields are marked *