ജിംനേഷ്യവും ആത്മാവും

 

കുറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഞാന്‍ ജിംനേഷ്യത്തില്‍ വീണ്ടും പോയത്. പെട്ടെന്നുള്ള പനി നിമിത്തം ശരീരമാകെ ശോഷിച്ചുപോയിരുന്നു. കണ്ടയുടന്‍ പരിശീലകന്‍ ചോദിച്ചു, ”കുറെയായി ‘വര്‍ക്ക് ഔട്ട്’ ഒന്നും ഇല്ലല്ലേ?” തുടര്‍ന്ന് അദ്ദേഹം പറഞ്ഞു, ”സാരമില്ല. നമുക്ക് ശരിയാക്കാം. നന്നായി ഭക്ഷണം കഴിച്ച് വര്‍ക്ക് ഔട്ട് നടത്തിയാല്‍ ശരീരം ഭംഗിയുള്ളതായിക്കൊള്ളും.”

കുറെ നാളത്തെ ഇടവേള വന്നതുകൊണ്ട് ചെറിയ തോതില്‍ തുടങ്ങിയാല്‍മതി എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പെട്ടെന്ന് മനസിലേക്ക് വന്ന ചിന്ത വ്യത്യസ്തമായിരുന്നു. ശരീരപുഷ്ടിക്കുവേണ്ടി അധ്വാനിക്കുന്നതുപോലെ ആത്മാവിന്റെ പുഷ്ടിക്കുവേണ്ടി ഞാന്‍ അധ്വാനിക്കാറുണ്ടോ? കുറച്ച് നാള്‍ നന്നായി ഭക്ഷണം കഴിക്കാതിരിക്കുകയും വ്യായാമം ഇല്ലാതാവുകയും ചെയ്തപ്പോള്‍ ശരീരം ക്ഷീണിച്ചതുപോലെ തന്നെയല്ലേ പ്രാര്‍ത്ഥനയില്ലാത്ത ആത്മാവിന്റെ അവസ്ഥ?

ഉള്ളിലുയര്‍ന്ന സ്വരം ശരിയാണെന്ന് എനിക്ക് ബോധ്യമായി. ചെറിയ തോതില്‍ പ്രാര്‍ത്ഥിക്കാനാരംഭിക്കാം. പുതിയതായി ജിംനേഷ്യത്തില്‍ പോകുന്ന വ്യക്തിക്ക് ലഘുവായ വ്യായാമങ്ങളേ ചെയ്യാനാവൂ എന്നതുപോലെ കൊച്ചുപ്രാര്‍ത്ഥനകളില്‍നിന്ന് ആരംഭിക്കാം. പിന്നീട് കൂടുതല്‍ പ്രാര്‍ത്ഥനയില്‍ ലയിക്കാനാവുമല്ലോ. നമ്മുടെ ആത്മാവ് ആരോഗ്യവും സൗന്ദര്യവുമുള്ളതാകട്ടെ.


ബിനു മാത്യു

Leave a Reply

Your email address will not be published. Required fields are marked *