സന്യാസവസ്ത്രത്തില്‍ ഒരു കുരുന്ന്‌

മഗ്ദലെന്‍ എന്ന മാമ്മോദീസാ പേര് സ്വീകരിച്ച ഇമെല്‍ഡ പില്‍ക്കാലത്ത് വിശുദ്ധ മേരി മഗ്ദലേനയുടെ നാമധേയത്തിലുള്ള കോണ്‍വന്റില്‍ നിന്നാണ് വളര്‍ന്നത്. 1322-ല്‍ ഇറ്റലിയിലെ ബൊളോണയിലുള്ള ഒരു കുലീന കുടുംബത്തിലാണ് ഇമെല്‍ഡയുടെ ജനനം. സമ്പത്തും അധികാരവും ഉണ്ടായിരുന്നെങ്കിലും ദൈവിക കാര്യങ്ങളിലും ഉപവിപ്രവൃത്തികളിലും അതീവ തല്‍പ്പരരായിരുന്നു ഇമെല്‍ഡെയുടെ മാതാപിതാക്കള്‍. ദരിദ്രരോടുള്ള അനുകമ്പയായിരുന്നു പിതാവിന്റെ പ്രത്യേകത. ശുദ്ധീകരണാത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നതിനാണ് മാതാവായ കാസ്റ്റോറ പ്രാധാന്യം നല്‍കിയത്.

അഞ്ചാം പിറന്നാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാനുള്ള ആഗ്രഹം ആദ്യമായി ഇമെല്‍ഡാ പ്രകടിപ്പിച്ചു. എന്നാല്‍ അന്നത്തെ നിയമമനുസരിച്ച് 12 വയസ് പ്രായമാകുമ്പോഴാണ് കുട്ടികള്‍ക്ക് ആദ്യകുര്‍ബാന നല്‍കിയിരുന്നത്. അതുകൊണ്ട് ഇമെല്‍ഡെയുടെ ആഗ്രഹവും നിരാകരിക്കപ്പെട്ടു. യേശുവിനെ ഹൃദയത്തില്‍ സ്വീകരിക്കുന്ന ഒരു വ്യക്തിക്ക് എങ്ങനെയാണ് ജീവനോടെ ഇരിക്കാന്‍ സാധിക്കുക എന്നാണ് ഇമെല്‍ഡ ചിന്തിച്ചിരുന്നത്. അഞ്ച് വയസ് മാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയുടെ ഇത്തരം ചിന്തകള്‍ അവള്‍ സാധാരണ പെണ്‍കുട്ടിയല്ലെന്ന് സാക്ഷ്യം നല്‍കിയിരുന്നു.

ഉണ്ണീശോ ആയിരുന്നു തന്റെ സ്ഥാനത്തെങ്കില്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്ന് ചിന്തിച്ചുകൊണ്ടാണ് ഇമെല്‍ഡാ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. അങ്ങനെ യേശുവിനെ അനുകരിച്ച് ജ്ഞാനത്തിലും ദൈവകൃപയിലും ഇമെല്‍ഡാ വളര്‍ന്നു. ത്യാഗങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ദരിദ്രര്‍ക്ക് സംഭാവനകള്‍ നല്‍കാന്‍ ഇമെല്‍ഡാ ചെറുപ്പത്തില്‍ ത്തന്നെ അഭ്യസിച്ചിരുന്നു. അവള്‍ക്ക് ലഭിച്ച ഏറ്റവും നല്ല കളിപ്പാട്ടങ്ങള്‍ സന്തോഷപൂര്‍വം ദരിദ്രരായ കുട്ടികളുമായി പങ്കുവച്ചു. കൂടാതെ അവള്‍ക്കറിയാമായിരുന്ന ബൈബിള്‍ കഥകളും ഈ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു.

ഒന്‍പതാമത്തെ വയസായപ്പോഴേക്കും അവള്‍ നിത്യതയെ ലക്ഷ്യമാക്കി ജീവിക്കാനും ലോകസുഖങ്ങള്‍ ഉപേക്ഷിക്കാനും തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. തന്നെ ഏതെങ്കിലും കോണ്‍വെന്റില്‍ ആക്കണമെന്ന് ഇമെല്‍ഡ മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു. സന്യാസം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളെ സന്യാസിനിമാരുടെ വസ്ത്രം ധരിച്ചുകൊണ്ട് കോണ്‍വെന്റില്‍ താമസിക്കാന്‍ അനുവദിക്കുന്ന പതിവ് അക്കാലത്ത് ഉണ്ടായിരുന്നു. ഇമെല്‍ഡയ്ക്ക് പ്രായം കുറവായിരുന്നെങ്കിലും സന്യാസവസ്ത്രം ധരിക്കാനും കോണ്‍വെന്റില്‍ താമസിക്കാനും അനുവാദം ലഭിച്ചു.

ബൊളോണയ്ക്ക് സമീപം തന്നെയുള്ള ഡൊമിനിക്കന്‍ സന്യാസിനിമാരുടെ ആശ്രമത്തിലേക്ക് ആ മാതാപിതാക്കള്‍ ഇമെല്‍ഡയെ മനസില്ലാ മനസോടെ അയച്ചു. പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും ആ ജീവിതത്തോട് ഇഴുകിച്ചേരാന്‍ ഇമെല്‍ഡായ്ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. മാത്രമല്ല പ്രാര്‍ത്ഥനയുടെയും അനുസരണത്തിന്റെയും കാര്യത്തില്‍ മുതിര്‍ന്ന സന്യാസിനികള്‍ക്ക് പോലും ഇമെല്‍ഡ ഒരു മാതൃകയായി മാറി. എങ്കിലും ദിവ്യകാരുണ്യം സ്വീകരിക്കാന്‍ സാധിക്കാത്തതിന്റെ ദുഃഖം അവളെ സദാ അലട്ടിക്കൊിരുന്നു.

യേശുവിനോടുള്ള സ്‌നേഹത്താല്‍ ജ്വലിച്ചിരുന്ന ഈ ഹൃദയം ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനായി കൊതിച്ചു. യേശുവിനെ ഹൃദയത്തില്‍ സ്വീകരിക്കുന്ന ഒരു വ്യക്തിക്ക് എങ്ങനെയാണ് മരിക്കാതിരിക്കാനാവുക -തന്റെ ജീവിതത്തെ സംബന്ധിച്ച് പ്രവചനപരമായ ഈ ചോദ്യം ഇമെല്‍ഡാ സന്യാസിനികളോട് പലപ്പോഴും ആവര്‍ത്തിച്ചു. ദിവ്യകാരുണ്യം സ്വീകരിക്കാനുള്ള അനുവാദത്തിനായി പലതവണ സന്യാസിനികളെ സമീപിച്ചെങ്കിലും അതിനുള്ള അനുവാദം മാത്രം ഇമെല്‍ഡയ്ക്ക് ലഭിച്ചില്ല. അനുവദിക്കപ്പെട്ടിരിക്കുന്ന പ്രായമാകാതെ ദിവ്യകാരുണ്യം നല്‍കേണ്ട എന്ന നിലപാടാണ് ചാപ്ലൈനും സ്വീകരിച്ചത്.

1333 മെയ് 12-ാം തിയതി സ്വര്‍ഗാരോഹണ തിരുനാള്‍ ദിനത്തില്‍ ദിവ്യകാരുണ്യനാഥനെ സ്വീകരിക്കാന്‍ അനുവാദം ലഭിക്കാതിരുന്ന ഇമെല്‍ഡ അതീവ ദുഃഖിതയായിരുന്നു. അന്നത്തെ കുര്‍ബാന കഴിഞ്ഞ് എല്ലാവരും ചാപ്പലില്‍നിന്ന് പോയിട്ടും ഇമെല്‍ഡ ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞ് ആ വഴി വന്ന ഒരു സിസ്റ്റര്‍ അത്ഭുതകരമായ ഒരു കാഴ്ച കണ്ടു. സ്വര്‍ഗീയമായ പ്രകാശം പരത്തിക്കൊണ്ട് ഒരു തിരുവോസ്തി ഇമെല്‍ഡയുടെ ശിരസിനു മീതെ നില്‍ക്കുന്നു. ഉടന്‍ തന്നെ സിസ്റ്റര്‍ മറ്റ് സിസ്റ്റര്‍മാരെയും ചാപ്ലൈനെയും വിളിച്ചുവരുത്തി.

ദിവ്യകാരുണ്യം സ്വീകരിക്കണമെന്ന ഇമെല്‍ഡയുടെ സ്വര്‍ഗീയമായ പിടിവാശിക്ക് സ്വര്‍ഗം നല്‍കിയ അംഗീകാരമായിരുന്നു ആ അനുഭവമെന്ന് എല്ലാവര്‍ക്കും മനസിലായി. ചാപ്ലൈന്റെ കയ്യിലുണ്ടായിരുന്ന കുസ്‌തോദിയില്‍ സാവധാനം ആ ദിവ്യകാരുണ്യം വന്നെത്തി. ഉടനെതന്നെ ദിവ്യകാരുണ്യം ചാപ്ലൈന്‍ ഇമെല്‍ഡയ്ക്ക് നല്‍കി. ദിവ്യകാരുണ്യനാഥനെ സ്വീകരിച്ചതിന്റെ ആനന്ദം ഇമെല്‍ഡയുടെ ഭൗതികശരീരത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു. മാലാഖമാരോടൊപ്പം ദിവ്യകാരുണ്യനാഥനെ സ്തുതിക്കുന്നതിനായി ആ കുരുന്നുശരീരത്തില്‍ നിന്ന് അവളുടെ ആത്മാവ് അപ്പോള്‍ത്തന്നെ സ്വര്‍ഗത്തിലേക്ക് പറന്നുയര്‍ന്നു.

1826-ല്‍ ലിയോ 12 -ാമന്‍ മാര്‍പാപ്പ ഇമെല്‍ഡെയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ദിവ്യകാരുണ്യത്തെ പുല്‍കിക്കൊണ്ടുള്ള ആ ഭാഗ്യമരണത്തിന് നൂറ്റാണ്ടുകള്‍ക്ക് ശേഷം 1900-ല്‍ നാമകരണനടപടികളുടെ ഭാഗമായി പുറത്തെടുക്കപ്പെട്ടപ്പോഴും ഇമെല്‍ഡെയുടെ ശരീരം അഴുകിയിരുന്നില്ല. പയസ് പത്താമന്‍ മാര്‍പാപ്പയാണ് ആദ്യ കുര്‍ബാന സ്വീകരിക്കുന്നവരുടെ പ്രത്യേക മധ്യസ്ഥയായി ഇമെല്‍ഡയെ പ്രഖ്യാപിച്ചത്.


രഞ്ജിത് ലോറന്‍സ്

Leave a Reply

Your email address will not be published. Required fields are marked *