പ്രപഞ്ചത്തില്‍ എന്റെ സ്ഥാനം

2016 ഫെബ്രുവരി 16 പ്രപഞ്ചവിജ്ഞാനീയത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു ദിവസമായിരുന്നു. അമേരിക്കയിലെ വാഷിംഗ്ടണില്‍ LIGO- Laser Interferometer Gravitational-Wave Observatory ലബോറട്ടറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് റൈറ്റ്‌സെ ഗുരുത്വാകര്‍ഷണതരംഗങ്ങള്‍ – Gravitational Waves കണ്ടെത്തിയതിനെക്കുറിച്ച് വിശദീകരിച്ചു.

വലിയ പിണ്ഡമുള്ള രണ്ട് തമോഗര്‍ത്തങ്ങള്‍ സ്വയം ഭ്രമണം ചെയ്തുകൊണ്ട് അടുത്തടുത്ത് വന്നു. ഒടുവില്‍ ഒരു വലിയ സ്‌ഫോടനത്തോടെ ഒന്നിച്ച് ഒരു വലിയ തമോഗര്‍ത്തമായി മാറി. പ്രകാശവേഗതയുടെ പകുതി വേഗതയിലാണ് അവ അടുത്തുവന്ന് കൂട്ടിയിടിച്ചത്. പുതിയതായി രൂപംകൊണ്ട തമോഗര്‍ത്തത്തിന് 150 കിലോമീറ്റര്‍ വ്യാസമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും സൂര്യനെക്കാള്‍ 30 മടങ്ങ് പിണ്ഡം ഉണ്ടായിരുന്നു. 130 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച ഈ പ്രതിഭാസത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ സിഗ്നല്‍ ആയാണ് ഹാന്‍ഫോര്‍ഡിലും ലിവിംഗ്സ്റ്റണിലുമുള്ള രണ്ട് LIGO ഒബ്‌സര്‍വേറ്ററികളില്‍ ഇത് രേഖപ്പെടുത്തപ്പെട്ടത്.

രണ്ടിടത്തെയും സിഗ്നലുകള്‍ സമാനമായിരുന്നു. അവയില്‍നിന്നാണ് ഗുരുത്വാകര്‍ഷണതരംഗങ്ങള്‍ കണ്ടെത്തിയത്. സാധാരണഗതിയില്‍ പ്രകാശം, ശബ്ദം തുടങ്ങിയ ഊര്‍ജരൂപങ്ങളുടെ തരംഗങ്ങള്‍ ുെമരല അഥവാ ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. എന്നാല്‍ അവ space-നെ ചലിപ്പിക്കുന്നില്ല. എന്നാല്‍ ഗുരുത്വാകര്‍ഷതരംഗങ്ങള്‍ അവയുടെ ഗണത്തില്‍പ്പെടുന്നില്ല. ഈ തരംഗങ്ങള്‍ spaceനെത്തന്നെ ചലിപ്പിക്കുന്നു. ഈ സവിശേഷമായ തരംഗങ്ങളെക്കുറിച്ച് 1916-ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവചിച്ചിരുന്നെങ്കിലും ഏതാണ്ട് 100 വര്‍ഷങ്ങള്‍ക്കുശേഷമാണ് അത് കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞത്.

ഭൂമിയുടെ ഊര്‍ജസ്രോതസായ നക്ഷത്രമായ സൂര്യനെപ്പോലെയുള്ള അനേകം നക്ഷത്രങ്ങള്‍ ഈ പ്രപഞ്ചത്തില്‍ ഉണ്ട്. അവ എക്കാലവും പ്രകാശിച്ചുകൊണ്ടിരിക്കുകയില്ല, ഒരിക്കല്‍ തമോഗര്‍ത്തമായി മാറും. ഇത്തരത്തില്‍ രൂപപ്പെട്ട രണ്ട് തമോഗര്‍ത്തങ്ങള്‍ വലിയ സ്‌ഫോടനത്തോടെ ഒന്നിച്ചപ്പോഴാണ് ഗുരുത്വാകര്‍ഷണതരംഗങ്ങള്‍ ഉണ്ടായത്. പ്രപഞ്ചത്തിന്റെ വിദൂരകോണില്‍ നടന്ന ഈ പ്രതിഭാസത്തിന് 130 കോടി വര്‍ഷങ്ങള്‍ക്കുശേഷം സെപ്റ്റംബര്‍ 2015-ലാണ് ആ തരംഗങ്ങള്‍ ഭൂമിയെ കടന്നുപോയതും LIGO ഒബ്‌സര്‍വേറ്ററികള്‍ അത് രേഖപ്പെടുത്തിയതും.

ഇതെല്ലാം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു, നമ്മുടെ ഭാവനയ്ക്ക് അതീതമായ വിധത്തില്‍ ബൃഹത്താണ് ഈ പ്രപഞ്ചം. ഈ പ്രപഞ്ചത്തിന് അമാനുഷികബുദ്ധിയുള്ള ഒരു സ്രഷ്ടാവുണ്ടാവുക എന്നത് അനിഷേധ്യമാണ്. മാത്രമല്ല ഈ പ്രപഞ്ചത്തില്‍ ഭൂമിയുടെ സ്ഥാനം യഥാര്‍ത്ഥത്തില്‍ വളരെയേറെ ചെറുതത്രേ. മനുഷ്യനാകട്ടെ കേവലം മണ്‍തരിയുടെ സ്ഥാനംപോലും അവകാശപ്പെടാനാവുകയില്ല.

ദൈവവചനത്തിന് അടിവരയിടുകയാണ് ശാസ്ത്രം എന്ന് പറയാം. സങ്കീര്‍ത്തനം 8:3-4 വചനങ്ങള്‍ പറയുന്നു- ”അങ്ങയുടെ വിരലുകള്‍ വാര്‍ത്തെടുത്ത വാനിടത്തെയും അവിടുന്ന് സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാന്‍ കാണുന്നു. അവിടുത്തെ ചിന്തയില്‍ വരാന്‍മാത്രം മര്‍ത്യന് എന്ത് മേന്‍മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാന്‍ മനുഷ്യപുത്രന് എന്ത് അര്‍ഹതയാണുള്ളത്?”

എന്നിട്ടും, സങ്കീര്‍ത്തകന്‍ തുടര്‍ന്ന് പറയുന്നതുപോലെ, ”അവിടുന്ന് മഹത്വവും ബഹുമാനവും കൊണ്ട് അവനെ മകുടമണിയിച്ചു. സ്വന്തം കരവേലകള്‍ക്കുമേല്‍ അവന് ആധിപത്യം നല്കി.” അതുകൊണ്ടുതന്നെ ഇവയെക്കുറിച്ചെല്ലാം പഠിക്കാനും പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താനും മനുഷ്യന് സാധ്യമാവുന്നു. പ്രപഞ്ചരഹസ്യങ്ങളുടെ ചുരുള്‍ നിവരുമ്പോള്‍ ദൈവവിശ്വാസത്തിന് തെളിച്ചമേറുകയാണ്.

അവലംബം- ലൈറ്റ് ഓഫ് ട്രൂത്ത്, ശാലോം ടി.വി.

Leave a Reply

Your email address will not be published. Required fields are marked *