മരുഭൂമികള്‍ എന്നും ഭീകരതയുടെയും വന്യതയുടെയും പ്രതീകമാണ്. വിഷ സര്‍പ്പങ്ങളും ക്രൂരമൃഗങ്ങളും തേളുകളും യഥേഷ്ടം വിഹരിക്കുന്നിടം. പകല്‍ കത്തുന്ന വെയില്‍, രാത്രിയില്‍ കഠിന തണുപ്പ്. കൂടാതെ പിശാചുക്കളുടെ ആവാസകേന്ദ്രവും. ചീറിയടിക്കുന്ന മണല്‍ക്കാറ്റില്‍ പൂഴിക്കടിയില്‍പ്പെട്ടുപോയാല്‍ പിന്നെ രക്ഷപ്പെടുക അസാധ്യം.
ഇവയോടെല്ലാം പോരാടിക്കൊണ്ടാണ് ഈശോ 40 പകലും രാവും പ്രാര്‍ത്ഥിച്ചത്. ബാഹ്യശക്തികളെ മാത്രമല്ല, സ്വശരീരത്തിന്റെ അടിസ്ഥാന ആവശ്യങ്ങളായ വിശപ്പിനെയും ദാഹത്തെയുമെല്ലാം അവിടുന്നു കീഴ്‌പ്പെടുത്തി. അവയെക്കാളെല്ലാം ഉന്നതമാണ് ദൈവപിതാവുമായുള്ള ബന്ധമെന്ന് ഈശോ തെളിയിച്ചു. സകല പ്രലോഭനങ്ങള്‍ക്കും ഭീകരതയ്ക്കും മധ്യേയും അവിടുന്ന് പിതാവിനോട് സംസാരിക്കുകയും അവിടുത്തെ സ്വരം ശ്രവിക്കുകയും ചെയ്തു.
പൂര്‍ണ ദൈവമാണെങ്കിലും പൂര്‍ണ മനുഷ്യനുംകൂടിയായ ഈശോ, ഉപവാസവും പ്രാര്‍ത്ഥനയുംകൊണ്ട് പ്രതികൂലങ്ങളെ കീഴടക്കാന്‍ കഴിയുമെന്ന് നമ്മെ പഠിപ്പിക്കുകയായിരുന്നു. ‘പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതെ ചവിട്ടി നടക്കാന്‍’ (ലൂക്കാ 10:19) അവിടുന്ന് നമുക്കു നല്കിയ അധികാരവും ഉപവാസ പ്രാര്‍ത്ഥനയിലൂടെ നേടിത്തന്നതാണ്.
”ധൈര്യമായിരിക്കുവിന്‍, ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു” (യോഹന്നാന്‍ 16:33) എന്ന ഈശോയുടെ വാക്കുകള്‍ നമുക്കോര്‍ക്കാം. ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും മരുഭൂമിയുടെ വന്യതയെ പരാജയപ്പെടുത്തിയ അവിടുത്തേക്ക് ഗത്‌സെമെനിയിലെ കടുത്ത പരീക്ഷണത്തെ തോല്പിക്കാനും സ്വഹിതത്തെ പിതാവിന്റെ ഹിതത്തിനുവേണ്ടി ബലിയര്‍പ്പിക്കാനും സാധിച്ചു. ഗത്‌സെമെനിയിലെ വിജയം കാല്‍വരിമല ശാന്തമായി ചവുട്ടിക്കയറാന്‍ ബലമായി. എത്ര വീണിട്ടും അവശനായിട്ടും പീഡനങ്ങളേറ്റിട്ടും പിന്തിരിയാതെ, നമ്മോടുള്ള സ്‌നേഹത്തെപ്രതി കാല്‍വരിയെ അവിടുന്ന് കീഴ്‌പ്പെടുത്തി. കാല്‍വരിയില്‍ അവിടുന്ന് നേടിയ വിജയം മരണത്തിന്മേലും വിജയം നല്കി.
ലോകത്തെയും മരണത്തെയും നമ്മളും കീഴടക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നു. പലവിധത്തിലുള്ള കാല്‍വരികള്‍ എല്ലാവര്‍ക്കും കയറേണ്ടതായുണ്ട്. അതിന് ആദ്യം ഗത്‌സെമെനിയില്‍ സ്വന്തം ഇഷ്ടങ്ങളെ ബലികഴിച്ച്, നമ്മെക്കുറിച്ചുള്ള ദൈവഹിതത്തെ നാം വിജയിപ്പിക്കണം. എങ്കില്‍ ക്ലേശപൂര്‍ണമായ കാല്‍വരി ദൈവത്തിന്റെ മുഖത്തേക്കു നോക്കി വിജയകരമായി ചവിട്ടിക്കയറാന്‍ സാധിക്കും. അതിന് ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും മാര്‍ഗമാണ് ഈശോ നിര്‍ദേശിക്കുന്നത്.
നെറ്റിയില്‍ കുരിശടയാളം സ്വീകരിച്ചുകൊണ്ട് നോമ്പ് ആരംഭിക്കുമ്പോള്‍ ജീവിതത്തിലുണ്ടാകുന്ന കുരിശുകള്‍ സ്‌നേഹത്തോടെ വഹിക്കാനുള്ള കരുത്ത് ചോദിച്ചു വാങ്ങണം. പ്രാര്‍ത്ഥനയുടെയും പരിത്യാഗങ്ങളുടെയും ബലംകൊണ്ട് ലോകത്തെ കീഴടക്കാന്‍, ശത്രുവിന് മീതെ നടക്കാന്‍, ദൈവത്തോടുള്ള സ്‌നേഹത്തെപ്രതി നമ്മോടുതന്നെയുള്ള സ്‌നേഹവും സ്വന്തം ഇഷ്ടങ്ങളും വേണ്ടെന്നു വയ്ക്കാന്‍, ദൈവഹിതത്തിന് വിധേയപ്പെടാന്‍ കൃപയേകണമെന്ന് പ്രാര്‍ത്ഥിക്കണം. എങ്കില്‍ കാല്‍വരികള്‍ കീഴടക്കാനും മരണത്തിന്മേലും വിജയം നേടാനും സാധിക്കും.
നോമ്പുകാലം പരീക്ഷണങ്ങളുടെയും പ്രലോഭനങ്ങളുടെയും കാലം മാത്രമല്ല, അവയുടെമേലുള്ള വിജയത്തിന്റെ നാളുകളുമാണ്. ദൈവത്തോടു സംസാരിക്കാനും അവിടുത്തെ സ്വരം ശ്രവിക്കാനുമുള്ള സമയമാണ്. ആത്മാവിന്റെ ഏകാന്തതയില്‍ ദൈവത്തോടൊപ്പമായിരിക്കുന്നവര്‍ക്ക് ഗത്‌സെമെനികളെയും കാല്‍വരികളെയും മരണത്തെയും തോല്പിക്കാന്‍ എളുപ്പമാണ്. അതിനാല്‍ ഈ നോമ്പുകാലം ദൈവത്തോടൊപ്പം ആയിരിക്കാന്‍ പരിശ്രമിക്കാം, പ്രാര്‍ത്ഥിക്കാം.
കര്‍ത്താവേ, അങ്ങയെപ്പോലെ ഉപവസിച്ചും പ്രാര്‍ത്ഥിച്ചും അവിടുത്തോടു ചേര്‍ന്ന് ഗത്‌സെമെനികളെയും കാല്‍വരികളെയും കീഴടക്കാന്‍ ഞങ്ങളെ സഹായിക്കണമേ, ആമ്മേന്‍.