നാളെയും വരും…

ഏകദേശം പതിനഞ്ച് വര്‍ഷമായി വിശുദ്ധ കുര്‍ബാന മുടങ്ങാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. അങ്ങനെയിരിക്കേ കരുണയുടെ വര്‍ഷത്തില്‍ ഇടവകദൈവാലയത്തില്‍നിന്ന് ഒരു യാത്ര സംഘടിപ്പിച്ചു. അതിന്റെ ഒരുക്കമായി അത്യാവശ്യം ചെയ്യേണ്ട അടുക്കളജോലികളുണ്ടായിരുന്നതിനാല്‍ അന്ന് രാവിലെ വിശുദ്ധ ബലിക്ക് പോകാന്‍ സാധിച്ചില്ല.

മനസില്‍ വേദനയുണ്ടായിരുന്നു. എന്തായാലും യാത്ര ആരംഭിച്ചു. ഉച്ചയ്ക്ക് 12 മണിയായപ്പോള്‍ കുടവെച്ചൂര്‍ പള്ളിയില്‍ എത്തി. അവിടെ ഇറങ്ങിയ ഉടനെ കേള്‍ക്കുന്നത് പരിശുദ്ധ കുര്‍ബാനയുടെ പ്രാരംഭഗാനമാണ്. ഞാന്‍ വേഗം പോയി ആ വിശുദ്ധ ബലിയില്‍ പങ്കെടുത്തു. അവിടത്തെ സ്‌കൂളിലെ ഒരു അധ്യാപികയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ആ സമയത്ത് പ്രത്യേക കുര്‍ബാന അര്‍പ്പിക്കപ്പെട്ടത്. എന്നെ സംബന്ധിച്ച് കര്‍ത്താവിന്റെ പ്രത്യേക അനുഗ്രഹമായിരുന്നു അതെന്ന് അനുഭവപ്പെട്ടു.

മറ്റൊരിക്കല്‍ ഒരു ശനിയാഴ്ച ഞാന്‍ ഏഴുമുട്ടം താബോറിലെ ഏകദിനകണ്‍വെന്‍ഷനോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനിരുന്നതിനാല്‍ രാവിലെ ഇടവകപ്പള്ളിയില്‍ പോയില്ല. ഭര്‍ത്താവാകട്ടെ നേരത്തേതന്നെ പോകുകയും ചെയ്തു. അദ്ദേഹം മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നുപോയിരുന്നു. അല്പം കഴിഞ്ഞയുടന്‍ അദ്ദേഹത്തിന്റെ ഫോണില്‍ ഒരു കോള്‍.

നോക്കിയെങ്കിലും പരിചയമില്ലാത്ത നമ്പര്‍ കണ്ടതുകൊണ്ട് ഞാന്‍ എടുക്കാതെ തിരിഞ്ഞപ്പോള്‍ അത് എടുക്കാന്‍ ശക്തമായ തോന്നല്‍. വിളിച്ചത് ഭര്‍ത്താവായിരുന്നു, അന്ന് അപ്രഖ്യാപിത ഹര്‍ത്താലാണെന്ന് അറിയിക്കാന്‍. കണ്‍വെന്‍ഷന് പോകാന്‍ സാധിക്കില്ല എന്നുകണ്ടപ്പോള്‍ ഞാന്‍ ആവശ്യപ്പെട്ടതുപ്രകാരം ഭര്‍ത്താവ് വേഗം ബൈക്കുമായി വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി.

വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പുതന്നെ ഞങ്ങള്‍ പള്ളിയിലെത്തുകയും ചെയ്തു. വിശുദ്ധ ബലിയില്‍ പങ്കെടുക്കാന്‍ നാം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന പക്ഷം കര്‍ത്താവ് കാര്യങ്ങള്‍ ക്രമീകരിക്കുമെന്ന് ഈ സംഭവങ്ങളെല്ലാം എനിക്ക് ഉറപ്പ് തരികയാണ്.

സീറോ മലബാര്‍ കുര്‍ബാന സമാപനത്തിലെ ‘വിശുദ്ധീകരണത്തിന്റെ ബലിപീഠമേ, സ്വസ്തി!’ എന്ന പ്രാര്‍ത്ഥന ഇപ്പോള്‍ ഞാന്‍ ഒരു വാക്യവും കൂടി ചേര്‍ത്താണ് ചൊല്ലുന്നത്. ‘ഇനിയൊരു ബലിയര്‍പ്പിക്കുവാന്‍ ഞാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ’ എന്നതിനുശേഷം കര്‍ത്താവേ, അങ്ങ് അനുഗ്രഹിച്ചാല്‍ നാളെയും വരും എന്നുകൂടി പറയും.


ആലീസ് ജേക്കബ്‌

Leave a Reply

Your email address will not be published. Required fields are marked *