മഞ്ഞ് പെയ്യാത്ത മനസ്‌

 

വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറഞ്ഞ ഒരു സംഭവകഥ. ഒരിക്കല്‍ വിശുദ്ധ ഫ്രാന്‍സിസ് ബോര്‍ജിയ രാത്രിയില്‍ വൈകി ഒരു ജസ്യൂട്ട് ഭവനത്തിന്റെ വാതില്‍ക്കല്‍ എത്തി. ശക്തമായ മഞ്ഞുകാറ്റ് വീശുന്ന സമയം. ആരും വാതില്‍ തുറന്നുകൊടുക്കാനുണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ വാതില്‍ തുറന്ന് വിശുദ്ധനെ കണ്ടപ്പോള്‍ അന്തേവാസികള്‍ക്കെല്ലാം ദുഃഖം.

എന്നാല്‍ വിശുദ്ധ ഫ്രാന്‍സിസ് ബോര്‍ജിയ പറഞ്ഞത് ദൈവം ആകാശത്തുനിന്ന് തന്റെമേല്‍ മഞ്ഞുകണങ്ങള്‍ വര്‍ഷിക്കുന്നതായി ചിന്തിച്ചുകൊണ്ട് ആശ്വസിച്ചു എന്നാണ്. ദൈവേച്ഛയുമായി ഐക്യപ്പെടാനുള്ള പ്രായോഗികപരിശീനങ്ങളെപ്പറ്റി വിശദമാക്കാനാനാണ് വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി ഈ സംഭവകഥ ഉദ്ധരിച്ചത്.

വലിയ തണുപ്പോ കടുത്ത ചൂടോ ക്ഷാമമോ സമാനസാഹചര്യങ്ങളോ ഉള്ളപ്പോള്‍ ‘എന്തൊരു തണുപ്പ്’, ‘വല്ലാത്ത ചൂട്’ തുടങ്ങി ദൈവഹിതത്തിന് വിരുദ്ധമായ പദപ്രയോഗങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്ക്കുക. കാര്യങ്ങള്‍ എങ്ങനെയാണോ അപ്രകാരം സ്വീകരിക്കാന്‍ പരിശ്രമിക്കുക, വിശുദ്ധ ഫ്രാന്‍സിസ് ബോര്‍ജിയയെപ്പോലെ.

വ്യക്തിപരമായ കാര്യങ്ങളില്‍ എതിര്‍പ്പില്ലാതെ ദൈവേച്ഛയ്ക്ക് കീഴ്‌പ്പെടാം. വിശപ്പിലും ഏകാന്തതയിലും സല്‍പ്പേര് നഷ്ടപ്പെടുന്നതിലും എല്ലാം ഇപ്രകാരം നമ്മെത്തന്നെ ദൈവഹിതത്തിന് ഏല്‍പ്പിച്ചുകൊടുക്കാം. ”കര്‍ത്താവേ, അങ്ങ് പണിതുയര്‍ത്തുകയോ നശിപ്പിക്കുകയോ ചെയ്തുകൊള്ളുക. അങ്ങയുടെ ദൃഷ്ടിയില്‍ നന്മയായത് എന്താണോ അതില്‍ ഞാന്‍ സംതൃപ്തനാണ്.” ഇപ്രകാരം പറയാന്‍ നമുക്ക് കഴിയണം.

പ്രകൃത്യാതന്നെ നമുക്കുള്ള ശാരീരികമോ മാനസികമോ ആയ പോരായ്മകള്‍- ഓര്‍മക്കുറവ്, കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലെ മന്ദത, മുടന്ത്, ഉയരക്കുറവ്- ഒന്നുമോര്‍ത്ത് നമുക്ക് വിലപിക്കാതിരിക്കാം.നല്കപ്പെട്ടവയില്‍ സംതൃപ്തരാകുക എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.

ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ ആരോഗ്യം, സൗന്ദര്യം, കഴിവുകള്‍, സമ്പത്ത് തുടങ്ങിയവ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ നമ്മുടെ ആത്മാവിന്റെ സ്ഥിതി അപകടത്തിലാവുമായിരുന്നെങ്കിലോ? ദൈവം തന്റെ അനന്തനന്മയില്‍ നമുക്ക് തന്നിട്ടുള്ളതിനെയോര്‍ത്ത് നന്ദി പറയാം.

ശാരീരിക അവശതകള്‍ വരുമ്പോള്‍ നമ്മെ അതില്‍നിന്ന് മോചിപ്പിക്കാന്‍ പറയുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ദൈവമേ, അങ്ങ് ആഗ്രഹിക്കുന്നതുതന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്ന് പറയാനും രോഗാവസ്ഥയില്‍ സങ്കടപ്പെട്ടിരിക്കുന്നത് ഒഴിവാക്കാനും സാധിക്കണം. ഇപ്രകാരം നമ്മുടെ അനുദിനജീവിതത്തില്‍ ദൈവേച്ഛയുമായി ഐക്യപ്പെടാന്‍ പരിശീലിക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *