റോമന്‍ പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു വിക്ടര്‍. അക്കാലത്ത് റോമന്‍ ചക്രവര്‍ത്തി മാക്‌സിമിയന്‍ ഗോളിലെ മര്‍സയ്യ് സന്ദര്‍ശിക്കാന്‍ വന്നു. ഇതുകേട്ട് ഭീതിയിലായ ക്രൈസ്തവരെ ധൈര്യപ്പെടുത്താന്‍ വിക്ടര്‍ രാത്രികളില്‍ ക്രൈസ്തവഭവനങ്ങളില്‍ കയറിയിറങ്ങി. ചക്രവര്‍ത്തി അദ്ദേഹത്തെ വെറുതെ വിടുമോ? ”വിക്ടറിനെ ബന്ധിച്ച് തെരുവീഥിയിലൂടെ വലിച്ചിഴയ്ക്കുക!” ചക്രവര്‍ത്തി കല്പിച്ചു.
ശരീരം മുഴുവന്‍ മുറിഞ്ഞ് മരിക്കാറായ വിക്ടറിനോട് വിജാതീയ ദൈവന്‍മാരെ ആരാധിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ ആ പുണ്യാത്മാവ് അതിന് തയാറായിരുന്നില്ല. തുടര്‍ന്ന് ഗവര്‍ണര്‍ അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിച്ച് ഒരു തൂണില്‍ ഉയര്‍ത്തി തൂക്കിയിട്ടു. അവിടെയും ധീരതയ്ക്കായാണ് വികടര്‍ പ്രാര്‍ത്ഥിച്ചത്. ഉടന്‍ യേശു കുരിശേന്തി വിക്ടറിന് ദൃശ്യനായി.
അവിടുന്ന് പറഞ്ഞു, ”എന്റെ ദാസന്‍മാര്‍ക്കൊപ്പം ഞാനും പീഡനമേല്ക്കുന്നു. അവര്‍ വിജയികളാകുമ്പോള്‍ ഞാനവരെ കിരീടമണിയിക്കുന്നു.” ഈ ദര്‍ശനത്താല്‍ വിക്ടര്‍ ദൈവികധീരത നേടി. അതിനുശേഷം അവിടത്തെ പ്രിഫെക്ട് അദ്ദേഹത്തെ ഇരുണ്ട മുറിയില്‍ തടവിലിട്ടു. രാത്രിയിലതാ വീണ്ടും ഒരത്ഭുതം!
യേശു പ്രഭാപൂരിതനായി മാലാഖാവൃന്ദത്തോടൊപ്പം അവിടെ പ്രത്യക്ഷനായി.
തടവറയിലാകെ പ്രകാശം! അവിടെ കാവല്‍ നിന്നിരുന്ന മൂന്ന് പടയാളികള്‍ ക്രൈസ്തവവിശ്വാസം സ്വീകരിച്ച് അപ്പോള്‍ത്തന്നെ മാമ്മോദീസ സ്വീകരിക്കാന്‍ ആഗ്രഹിച്ചു. വിക്ടര്‍ അവരുമൊത്ത് സമീപത്തുള്ള കടല്‍ക്കരയിലേക്ക് പോയി. അവിടെ ഒരു വൈദികനില്‍നിന്ന് അവര്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു.
ആ സംഭവം കഴിഞ്ഞ് അധികം താമസിയാതെ ക്രിസ്തുവിശ്വാസത്തിന്റെ പേരില്‍ അവര്‍ രക്തസാക്ഷികളായി. കുറച്ചുനാള്‍ കഴിഞ്ഞ് വിക്ടറും രക്തസാക്ഷിത്വകിരീടം ഏറ്റുവാങ്ങി. ഫ്രഞ്ചുസഭയില്‍നിന്നുള്ള ഈ ധീരരക്തസാക്ഷിയെ തിരുസഭ പില്ക്കാലത്ത് വിശുദ്ധനെന്ന് പേര്‍ വിളിച്ചു.