”ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ
അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു.”
യോഹന്നാൻ 15:5
‘നീ എന്താണ് ഇപ്പോള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍, ദൈവം മാത്രമാണ് എന്റെ ചിന്താവിഷയമെന്നേ എനിക്ക് പറയാന്‍ കാണുകയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്’ കുരിശിന്റെ വിശുദ്ധ യോഹന്നാന് ഒരിക്കല്‍ പറഞ്ഞതാണ് ഇത്. വിശുദ്ധ ജെമ്മാ ഗല്‍ഗാനി കണക്കുകൂട്ടുന്നതില്‍ വലിയ ശ്രദ്ധ പതിപ്പിച്ചതിനാല്‍ ഒരു മിനിറ്റ് നേരത്തേക്ക് ദൈവത്തെ മറന്നുപോയതില്‍ പരിതപിച്ചതായി വിശുദ്ധയുടെ ജീവചരിത്രത്തില്‍ നാം വായിക്കുന്നു.
എന്നാല്‍ ഇത്ര മനോഹരമായ ഈ നിവേശിത ഏകാന്തത ഒരു ദൈവദാനം മാത്രമാണ്. നമുക്ക് ചെയ്യാവുന്നത് നമ്മുടെ ശ്രമംകൊണ്ട് അതിനുവേണ്ടി തയാറാകാന്‍ ശ്രമിക്കുകമാത്രമാണ്. ശ്രമിച്ചതുകൊണ്ട് ലഭിച്ചെന്നു വരികയില്ലെങ്കിലും, ശ്രമിച്ചാല്‍ കിട്ടാന്‍ കൂടുതല്‍ അര്‍ഹതയുണ്ടല്ലോ.
ഏതു തരത്തിലുള്ള പരിശ്രമമാണ് നാമിതിനു ചെയ്യേണ്ടത്? ഏറ്റം പരിശുദ്ധമായ ഒരു മനഃസാക്ഷി സംരക്ഷിക്കുക, ദൈവസാന്നിധ്യ സ്മരണ കഴിയുന്നിടത്തോളം നിരന്തരമായി ഉണ്ടായിരിക്കാന്‍ ശ്രമിക്കുക, പരിശുദ്ധാത്മാവിന്റെ ദിവ്യ തോന്നിപ്പുകള്ക്കനുസരിച്ച് പ്രവര്‍ത്തിക്കുക- ഇവയാണ് നമുക്ക് ചെയ്യാവുന്ന ശ്രമങ്ങള്‍. പരിശ്രമം, പ്രവൃത്തി, പുരോഗതി, നിലനില്പ്, പ്രാര്‍ത്ഥന എന്നീ ആത്മീയ ശ്രമങ്ങളാണ് നമ്മുടെ ആധ്യാത്മിക ജീവിതത്തിനായി നമുക്ക് ചെയ്യുവാന്‍ കഴിയുന്നത്.
പരിശ്രമത്തെക്കുറിച്ച് വിശദീകരിക്കാം. ദൈവം നമ്മുടെ ഹൃദയത്തില്‍ വസിക്കുന്നതിനുള്ള തടസങ്ങള്‍ പലതാണ്. ചിലര്‍ക്ക് അറിവില്ലായ്മ, മറ്റു ചിലര്‍ക്ക് തെറ്റായ അഭിപ്രായങ്ങള്‍ തുടങ്ങിയവയാണുള്ളത്. അറിവില്ലാത്ത ചിലര്‍ ആധ്യാത്മികജീവിതം, ദൈവ ഐക്യജീവിതം മുതലായവയെപ്പറ്റി സംസാരിക്കുമെങ്കിലും എന്താണ് അതുകൊണ്ടുദ്ദേശിക്കുന്നതെന്ന് യഥാര്‍ത്ഥത്തില്‍ മനസിലാക്കുന്നില്ല. മറ്റേ കൂട്ടരില്‍ ചിലരുടെ അഭിപ്രായം ആന്തരികജീവിതവും ലോകത്തിലെ ബഹളത്തിനിടയിലുള്ള ജീവിതവും ഒന്നിച്ചു പോവുകയില്ലെന്നാണ്. അല്ലെങ്കില്‍ ആത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രേഷിതവൃത്തിയും ആന്തരികജീവിതവും ഒത്തിണങ്ങിപ്പോകാന്‍ പ്രയാസമാണെന്നാണ്.
ചിലര്‍ക്ക് ഏകാന്തത ഇഷ്ടമാണ്. മിണ്ടടക്കവും പ്രാര്‍ത്ഥനയും ദൈവവുമായുള്ള ഐക്യവും അവര്‍ താല്പര്യപ്പെടുന്നു. എന്നാല്‍ സല്‍പ്രവൃത്തികള്‍ ചെയ്തുകൊണ്ട് ഓടി നടക്കുന്ന ചിലര്‍ക്ക് ഇതെല്ലാം പ്രയാസമാണ്. അരമണിക്കൂര്‍ ധ്യാനിക്കുന്നതും ഒരു മണിക്കൂര്‍ ആരാധിക്കുന്നതുംതന്നെ വലിയ പ്രയാസപ്പെട്ടാണ്.
മറ്റ് പ്രാര്‍ത്ഥന വേണ്ടെന്ന് വയ്ക്കാന്‍, അല്ലെങ്കില്‍ ചിലപ്പോഴെങ്കിലും ഉപേക്ഷിക്കാന്‍ പിശാച് നമ്മെ പ്രേരിപ്പിക്കും. ചിലര്‍ പഠനത്തിന്റെ കാര്യം പറഞ്ഞും ചിലര്‍ ജോലിത്തിരക്കാണെന്നുള്ള ഭാവത്തിലും ഈ ധ്യാനത്തിലും ആരാധനയിലുംനിന്ന് മാറാന്‍ ശ്രമിക്കും.
ആദ്യമാദ്യം ഇവയുടെ സമയം അല്പാല്പം കുറയ്ക്കും. കൃത്യം അരമണിക്കൂര്‍ ധ്യാനിച്ചില്ലെങ്കിലും സാരമില്ലെന്നുവയ്ക്കും. ക്രമേണ ഈ ഭക്താഭ്യാസങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ അതൊരു ലാഭമായും പരിഗണിക്കാന്‍ തുടങ്ങും. ഇത് നാശത്തിന്റെ ആരംഭമായിക്കഴിഞ്ഞു. നമ്മെ ആന്തരികജീവിതത്തില്നിന്ന് പിന്മാറ്റാനോ കുറഞ്ഞപക്ഷം വിരസതയുള്ളവരാക്കിത്തീര്ക്കാനോ പിശാച് കിണഞ്ഞു ശ്രമിക്കും. അതില്‍ കുറച്ചെങ്കിലും വിജയിച്ചാല്‍ അവന് അതൊരു വലിയ ആദായമായി പരിഗണിക്കും.
ബഹുവിധ ജോലികളില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ആന്തരികജീവിതം ഒരു അലസജീവിതമായി തോന്നിയേക്കാം. എന്നാല്‍ നേരെമറിച്ച് ആന്തരികജീവിതമാണ് യഥാര്‍ത്ഥജീവിതം. ഏറ്റം മഹനീയമായ ജീവിതം, ഏറ്റം ഫലപ്രദമായ ജീവിതം, ഏറ്റം ബുദ്ധിമുട്ടുള്ള ജീവിതം, ഏറ്റം നന്മനസും ത്യാഗവും ആവശ്യപ്പെടുന്നതുമായ ജീവിതം.
അതെ, പ്രാര്‍ത്ഥനാപരമായ ജീവിതമാണ് നമ്മുടെ ബാഹ്യപ്രവൃത്തികളെ ഉത്തേജിപ്പിക്കുന്നതും നിലനിര്‍ത്തുന്നതും ശക്തിപ്പെടുത്തുന്നതും പരിപൂര്ണമാക്കുന്നതും. വിശുദ്ധ അമ്മത്രേസ്യ, സിയന്നായിലെ വിശുദ്ധ കത്രീന മുതലായവര്‍ ഒരേസമയം ആന്തരികജീവിതത്തിലെ നെടുംതൂണുകളും പ്രേഷിതവൃത്തിയിലെ കരുത്തരുമായിരുന്നു.
വിശുദ്ധ അമ്മത്രേസ്യ 30 മഠങ്ങള്‍ പണിതുയര്ത്തിക്കൊണ്ടിരുന്ന അവസരത്തിലാണ് ആന്തരികജീവിതത്തില്‍ മുങ്ങിത്തുടിച്ചിരുന്നത്. സിയന്നായിലെ വിശുദ്ധ കത്രീന രാജാക്കന്മാരും മാര്‍പാപ്പമാരുമായി രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന കാലയളവിലാണ് ദൈവവുമായി ഐക്യപ്പെട്ട് ജീവിച്ചിരുന്നത്.
എന്നാല്‍ ആത്മീയമായ ഏകാന്തത പാലിക്കുന്നതിനുവേണ്ടി മനസിനെ വ്യഗ്രതപ്പെടുത്തേണ്ടതില്ല.
ദൈവസാന്നിധ്യ സ്മരണ പുലര്‍ത്തുന്നതിനുവേണ്ടി തലയ്ക്ക് ഭ്രാന്തു പിടിപ്പിക്കേണ്ട ആവശ്യമില്ല. ഒരു ദിവസംകൊണ്ട് ആന്തരികജീവിതം നേടിയെടുക്കാനും സാധ്യമല്ല. നിനക്ക് ബാഹ്യമായ നിരവധി ജോലികളുണ്ടെങ്കിലും നിന്റെ ദൃഷ്ടി ദൈവത്തില്‍ നിന്നകന്നു പോകുന്നില്ലെങ്കില്‍ അവിടുന്നുതന്നെ ആന്തരികജീവിതം നമുക്ക് തരുന്നതാണ്.
ആന്തരികജീവിതം നയിക്കാനുള്ള ശ്രമത്തില്‍ പലപ്പോഴും നമ്മള് തോല്വിയടഞ്ഞെന്നുവരും. ഒരിക്കലും നിരാശപ്പെടേണ്ട. പല ശ്രമങ്ങള്‍ക്കുശേഷമാണ് നല്ല ഒരു കലാസൃഷ്ടി ഉണ്ടാകുന്നത്. പക്ഷികള്‍ കൂടുകൂട്ടുന്നത് അല്പാല്പമായാണ്. അതുപോലെ നമ്മളും സ്നേഹരാജനുവേണ്ടിയുള്ള കൂട് സാവധാനത്തില്‍ ഉണ്ടാക്കിയാല്‍ മതി.
അവസാനമായി പ്രാര്‍ത്ഥന അത്യാവശ്യമാണ്. ആന്തരികജീവിതം ദൈവത്തിന്റെ ഒരു പ്രവൃത്തിയാണ്. നമുക്ക് അതില്‍ പങ്കാളികളാന് സാധിക്കുമെന്നേയുള്ളൂ. അതിനാല്‍ ആന്തരികജീവിതം നയിക്കാന്‍ നമുക്ക് നിരന്തരം പ്രാര്‍ത്ഥിക്കാം. എന്നെ കൂടാതെ നിങ്ങള്‍ക്കൊന്നും ചെയ്യുവാന്‍ സാധിക്കയില്ല (യോഹന്നാന് 15:5) എന്നാണല്ലോ കര്‍ത്താവ് പറഞ്ഞിരിക്കുന്നത്. യഥാര്‍ത്ഥമായ ആന്തരികജീവിതം നയിക്കാന്‍ കഴിയുന്നതിനുവേണ്ടി നാം പ്രാര്‍ത്ഥിക്കണം.
മോൺ. സി.ജെ. വർക്കി