മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയുടെ ഉപയോഗവും കൊച്ചു കുട്ടികളുടെ ഇടയില്‍പ്പോലും വ്യാപകമാണ്. ഇതിനിടയില്‍ ഈശോയോടുള്ള സ്‌നേഹവും ആത്മബന്ധവും എത്രത്തോളം കുഞ്ഞുങ്ങളിലേക്ക് എത്തുമെന്ന് പലപ്പോഴും ആകുലത തോന്നാറുണ്ടായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ഏശയ്യാ 59:21 വചനം എന്നെ സ്വാധീനിച്ചത്-
”കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ അവരുമായി ചെയ്യുന്ന ഉടമ്പടി ഇതാണ്; നിന്റെ മേലുള്ള എന്റെ ആത്മാവും നിന്റെ അധരങ്ങളില്‍ ഞാന്‍ നിക്ഷേപിച്ച വചനങ്ങളും നിന്റെയോ നിന്റെ സന്താനങ്ങളുടെയോ അവരുടെ സന്താനങ്ങളുടെയോ അധരങ്ങളില്‍നിന്ന് ഇനി ഒരിക്കലും അകന്നുപോവുകയില്ല. കര്‍ത്താവാണ് ഇത് അരുളിച്ചെയ്യുന്നത്.” വചനം ഏറ്റുപറഞ്ഞ് അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതിന്റെ പ്രാധാന്യവും കേള്‍ക്കാനിടയായി.
എന്റെ കുട്ടികള്‍ വളരെ കുഞ്ഞാണെങ്കിലും ഈ വചനം ഏറ്റുപറഞ്ഞ് എന്നും പ്രാര്‍ത്ഥിക്കണമെന്ന് ഉറച്ച് പേപ്പറില്‍ എഴുതി പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. കുറച്ച് ദിവസങ്ങള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അതിലെ ‘ നിന്റെ മേലുള്ള എന്റെ ആത്മാവും നിന്റെ അധരങ്ങളില്‍ ഞാന്‍ നിക്ഷേപിച്ച വചനങ്ങളും’ എന്ന ഭാഗം എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. പിന്നീട് വചനം വായിക്കുന്നതും ബൈബിള്‍ വചനങ്ങള്‍ പഠിക്കുന്നതും കൂടുതല്‍ ആഗ്രഹത്തോടെയായി, മക്കള്‍ക്കുവേണ്ടിക്കൂടിയാണ് ഞാനത് ചെയ്യുന്നത് എന്നൊരു ചിന്ത. പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടാനായി കൂടുതല്‍ പ്രാര്‍ത്ഥിക്കാനും കൃപ ലഭിച്ചു.
പലപ്പോഴും മക്കള്‍ക്കായി പലതരത്തിലുള്ള നിക്ഷേപങ്ങള്‍ കരുതി വയ്ക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മള്‍. അത് ചിലപ്പോള്‍ ബാങ്കില്‍ നല്ലൊരു തുക നിക്ഷേപിക്കുന്നതോ ഭൂസ്വത്ത് കരുതിവയ്ക്കുന്നതോ ഉന്നത വിദ്യാഭ്യാസം നല്‍കുന്നതോ ഒക്കെ ആകാം. ഇതിലൊക്കെ ഉപരിയായി ദൈവത്തെ സ്‌നേഹിച്ചുകൊണ്ട് ദൈവവചനവും പരിശുദ്ധാത്മാവുമാകുന്ന നല്ല നിക്ഷേപം നമ്മുടെ അനുദിനജീവിതത്തിലെ പ്രാര്‍ത്ഥനയിലൂടെയും വചന വായനയിലൂടെയും അവര്‍ക്കായി കരുതി വയ്ക്കാം. ലൂക്കാ 12:30-31 ‘നിങ്ങള്‍ക്ക് ഇതെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ പിതാവിനറിയാം. നിങ്ങള്‍ അവിടുത്തെ രാജ്യം അന്വേഷിക്കുവിന്‍. ഇവയെല്ലാം അതോടൊപ്പം നിങ്ങള്‍ക്ക് ലഭിക്കും.” അതിനാല്‍ ഏറ്റവും ആദ്യം അവിടുത്തെ ഹിതം പുലരുന്ന ദൈവരാജ്യം നമുക്ക് അന്വേഷിക്കാം.
അമല മരിയ മാണി